ദാറുല്‍ ഹുദാ; ടാലന്റ്‌സ് മീറ്റ് 29 ന് തുടങ്ങും

തിരൂരങ്ങാടി:നബിദിനാഘോഷത്തിന്റെ ഭാഗമായി  വിദ്യര്‍ത്ഥികളുടെ സര്‍ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പി.ജി വിദ്യാര്‍ത്ഥി യൂനിയന്‍ ഡി.എസ്.യുവും ഡിഗ്രി വിദ്യാര്‍ത്ഥി സംഘടന അസാസും സംയുക്തമായി നടത്തുന്ന' ടാലന്റ്‌സ് മീറ്റ് 2014' (ഹൗസിംഗ് മത്സരം) 29 ന് തുടങ്ങും.
'സെയ്‌ലിംഗ് ബിയോണ്ട് ദി ഹൊറിസോണ്‍' എന്ന മുദ്രാവാക്യത്തിലൂന്നിക്കൊണ്ട് നടത്തപ്പെടുന്ന ഈ വര്‍ഷത്തെ മത്സര പരിപാടികളില്‍ സെക്കണ്ടറി , ഡിഗ്രി, പിജി  സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

കലാ കായിക വിഭാഗങ്ങളിലായി 128 ഓളം വൈവിധ്യവും വ്യത്യസ്തവുമായ പരിപാടികള്‍ ഉള്‍പ്പെടുത്തുന്ന ഹൗസിംഗ് മത്സരത്തില്‍ ,കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ശുഐബ് , ഹമീദ്, മുഫസ്സിര്‍,  മന്‍സൂര്‍ എന്നിവരുടെ കീഴില്‍ യഥാക്രമം സിസ്‌ലി , മലാക്ക, ബോസ്ഫറസ്, ജിബ്രാല്‍ട്ടര്‍ എന്നീ നാലു ഹൗസുകളിലായി മാറ്റുരക്കും.

ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളുടെ വിധികര്‍ത്താക്കളായി കലാ സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ കാമ്പസിലെത്തും.മത്സരത്തിന്റെ പരിപൂര്‍ണ്ണ വിജയത്തിന് വിദ്യാര്‍ത്ഥികളുടെ നിതാന്ത പരിശ്രമവും ,സഹകരണവും ഉണ്ടായിരിക്കണമെന്ന് ഹൗസിംഗ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ പി.ജി ഡീന്‍ ഉസ്താദ് കെ.സി മുഹമ്മദ് ബാഖവി ആവശ്യപ്പെട്ടു.