അന്താരാഷ്ട്ര അറബിക് കോണ്‍ഫ്രന്‍സില്‍ ഇന്ത്യയില്‍ നിന്നും ഡോ. ബഹാഉദ്ദീന്‍ നദ്‌വി


തിരൂരങ്ങാടി: ലബ്‌നാന്‍ തലസ്ഥാനമായ ബൈറൂത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അറബിക് ലാങ്‌ഗ്വെയ്ജിന്റെ മൂന്നാമത് രാജ്യാന്തര കോണ്‍ഫ്രന്‍സില്‍ സംബന്ധിക്കാന്‍ ഇന്ത്യയില്‍ നിന്നും  ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മതപണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ദുബൈയിലേക്ക് പുറപ്പെട്ടു.
യുനെസ്‌കോ (പാരീസ്), ഫെഡറേഷന്‍ ഓഫ് ദ അറബ് യൂനിവേഴ്‌സിറ്റീസ് (അമ്മാന്‍), ഇസിസ്‌കോ (റബാത്ത്), എജ്യുക്കേഷന്‍ കൗണ്‍സില്‍ ഫോര്‍ ദ ഗള്‍ഫ് പെനിന്‍സുല (റിയാദ്) തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്.
ദുബൈയിലെ റാശിദിയ്യയിലെ അല്‍ബുസ്താന്‍ റൊട്ടാന ഹോട്ടലില്‍ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ യു.എ.ഇ പ്രധാന മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മഖ്തൂം മുഖ്യതിഥിയായിരിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫ്രന്‍സില്‍ ഏഴുപത്തിയാറു രാഷ്ട്രങ്ങളില്‍ നിന്നായി ആയിരത്തി മുന്നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും.
അഗോളതലത്തില്‍ അറബിഭാഷയുടെ പ്രചരണവും പുരോഗതിയും പ്രയോഗവത്കരണവും ചര്‍ച്ചചെയ്യുന്ന കോണ്‍ഫ്രന്‍സില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സാഹിത്യകാരന്മാരും യൂനിവേഴ്‌സിറ്റി വി.സിമാരും വിവിധ അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും സംബന്ധിക്കും.
 9 ന് വെള്ളിയാഴ്ച ലബ്‌നാനിലെ ഡോ. നിഅ്മ നാസ്വിര്‍ ശഅ്‌റാനിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സെഷനിനിലാണ് ഡോ. നദ്‌വി പ്രബന്ധമവതിരിപ്പിക്കുക. തുടര്‍ന്ന് തുര്‍ക്കിയിലെ ഇസതംബൂളില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ കൂടി പ്രബന്ധമവതരിപ്പിക്കുന്ന നദ്‌വി 13 കേരളത്തില്‍ തിരിച്ചെത്തും.

No comments:

Post a Comment