കലയുടെ വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങി; ദാറുല്‍ ഹുദാ കലോത്സവത്തിന് ഉജ്ജ്വല തുടക്കം


തിരൂരങ്ങാടി: കലയുടെ വര്‍ണ്ണങ്ങള്‍ പെയ്തിറങ്ങി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അന്തര്‍കലാലയ കലോത്സവം 'സിബാഖ ്14' ന് പ്രൗഡോജ്ജ്വല തുടക്കം.

കേരളത്തിലെ വിവിധ ജില്ലകളിലെ ദാറുല്‍ ഹുദാ യു.ജി കോളേജുകളില്‍ നിന്നും പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുത്ത ആയിരത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് കലോത്സവത്തിനാണ് വാഴ്‌സിറ്റി കാമ്പസില്‍ അരങ്ങുണര്‍ന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ പോരാട്ട സ്മരണകള്‍ക്ക് സാക്ഷ്യം വഹിച്ച നഹാവന്ദ്, ഖാദിസിയ്യ, മുസയ്യ, യര്‍മൂഖ് തുടങ്ങിയ വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. ചരിത്രനിര്‍മ്മിതിക്ക് കലാസാഹിത്യങ്ങള്‍ നല്‍കിയ സംഭാവനകള്‍ അതുല്യമാണ്. നന്മ വിടരുന്ന കലകള്‍ പ്രോത്സഹിപ്പിക്കുയയും വര്‍ണ്ണാഭമാക്കുകയും ചെയ്യണം. പോരാട്ടങ്ങള്‍ ചരിത്രത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഭാവിയെ നന്മയിലേക്ക് നയിക്കുന്നതിന് വിദ്യാര്‍ത്ഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കണമെന്നും ഖാസി പറഞ്ഞു. സിബാഖ് കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. പ്രമുഖ കഥാകൃത്ത് പി.സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.
രാവിലെ ദാറുല്‍ ഹുദാ ശില്‍പി ഡോ.യു ബാപ്പുട്ടി ഹാജിയുടെ മഖ്ബറ സിയാറത്തിനും കോഴിക്കോട് ഖാസി നേതൃത്വം നല്‍കി. തുടര്‍ന്ന് ആയിരങ്ങളെ സാക്ഷി നിര്‍ത്തി തക്ബീര്‍ധ്വനികളോടെ ദാറുല്‍ ഹുദാ ജനറല്‍ സെക്രട്ടറി ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി സിബാഖ് പതാകയും ടീം ക്യാപ്റ്റന്മാര്‍ ടീം പതാകയും ഉയര്‍ത്തി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, തോപ്പില്‍ കുഞ്ഞാപ്പു ഹാജി സംബന്ധിച്ചു.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍. കേരളത്തിലെ ദാറുല്‍ ഹുദായുടെ ഇരുപതോളം യു.ജി കോളേജുകളിലെയും ദാറുല്‍ ഹാദാ നാഷണല്‍ ഇന്‍സ്റ്റിട്യൂഷനില്‍ നിന്നും പ്രാഥമിക റൗണ്ടില്‍  നിന്നും തെരഞ്ഞെടുത്ത മത്സരാര്‍ത്ഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ മാറ്റുരക്കുന്നത്. നാളെ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്, പ്രമുഖ സാഹിത്യകാരന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിക്കും.