കലോത്സവത്തിന്റെ നവ്യാനുഭൂതിയില്‍ നാഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ വിദ്യാര്‍ത്ഥികള്‍


ദാറുല്‍ ഹുദാ അന്തര്‍ കലാലയ കലോത്സവത്തില്‍ പങ്കെടുക്കാനായതിന്റെ നിര്‍വൃതിയിലാണ് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. 

ഇസ്‌ലാമിക കലകളെ പ്രോത്സാഹിപ്പിക്കുന്ന കേരളീയ മാതൃക അനുകരണീയമാണെന്നും ഉത്തരേന്ത്യയില്‍ തീരെയില്ലാത്ത ഇത്തരം മത്സരങ്ങള്‍ ദേശ വ്യാപകമാക്കണമെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴസിറ്റി അന്തര്‍ കലാലയ കലോത്സവത്തില്‍ മാറ്റുരക്കാനെത്തിയ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് വിദ്യാര്‍ത്ഥികള്‍.  ഇസ്‌ലാമിക കലകളെ പ്രോത്സാഹിപ്പുക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന കേരള ശൈലികള്‍ തങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്നും അവര്‍ പങ്കുവെച്ചു. 

മുന്‍ വര്‍ഷങ്ങളി്ല്‍ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാറുല്‍ ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇസ്‌ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസിന് കീഴില്‍ മത്സരിക്കാന്‍ അവസരം നല്‍കിയത് ഇതിന്റെ ഭാഗമാണെന്ന് ഡയറക്ടര്‍ വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ അറിയിച്ചു.  വരും വര്‍ഷങ്ങളില്‍ കേരളേതര സംസ്ഥാനങ്ങളിലെ ദാറുല്‍ ഹുദാ ഓഫ് കാമ്പസുകളായ ആസാം, ബംഗാള്‍, ആന്ധ്രാ കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലാണ് നാഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. ഇരുപതിലധികം സ്ഥാപനങ്ങള്‍ മാറ്റുരച്ച സിബാഖില്‍ ഏറെ പിന്നിലില്ലാത്ത രീതിയിലായിരുന്നു ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനങ്ങള്‍. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഏഴാം സ്ഥാനവും സീനിയര്‍ വിഭാഗത്തില്‍ ആറാം സ്ഥാനവും നാഷണല്‍ ഇന്‍സ്റ്റിട്യൂഷന്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കി. ഹാഫിള് മുഹമ്മദലി ഹുദവി കണ്ണന്തളി, ഇല്‍യാല് ഹുദവി കോലാര്‍ തുടങ്ങിയ അധ്യാപകരുടെ നേതൃത്തിലായിരുന്നു ഉത്തരേന്ത്യര്‍ വിദ്യാര്‍തഥികള്‍ സിബാഖ് കലോത്സവത്തിനെത്തിയത്.